എരുമേലി: പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ജില്ലയുടെയും പ്രത്യേകിച്ച് എരുമേലിയുടെയും പ്രതീക്ഷ പ്രധാനമായും ശബരിമല വിമാനത്താവള പദ്ധതിയും ശബരി റെയില്‍പാതയുമാണ്. ഇത് രണ്ടിനും തുടര്‍നടപടികള്‍ വേഗത്തില്‍ സാധ്യമാക്കാന്‍ പുതിയ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണ് നാടിന്റെ പ്രതീക്ഷ.
എരുമേലിയുടെ വികസന സ്വപ്നമായ ശബരി റെയില്‍വേയ്ക്കും വിമാനത്താവളത്തിനും പുതിയ സര്‍ക്കാര്‍ ഗതിവേഗം നല്‍കുന്നതിന് കൃത്യമായ ഇടപെടല്‍ നടത്തുമെന്ന് പൂഞ്ഞാര്‍ നിയുക്ത എംഎല്‍എ എം.ജെ. സെബാസ്റ്റ്യന്‍ ഇതിനോടകം പറഞ്ഞുകഴിഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിനുശേഷം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. കാഞ്ഞിരപ്പള്ളി മണ്ഡലത്തിന്റെ നിയുക്ത എംഎല്‍എ പ്രഫ. റോണി കെ. ബേബിയും എരുമേലിയുടെ വികസന പദ്ധതികള്‍ വേഗത്തിലാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പദ്ധതിക്ക് അനുകൂല നടപടികള്‍ സ്വീകരിക്കുന്നതില്‍ ആന്റോ ആന്റണി എംപിയും സജീവമായി ഇടപെടുന്നുണ്ട്.
വിമാനത്താവള നിര്‍മാണ തുടക്ക തീയതിയായി മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഈ വര്‍ഷം ഓഗസ്റ്റ് മാസമായിരുന്നു. എല്ലാം അനുകൂലമായാല്‍ ഓഗസ്റ്റില്‍ തന്നെ നിര്‍മാണം ആരംഭിച്ച് 2029 ഓടെ പൂര്‍ത്തിയാക്കുമെന്നായിരുന്നു മുന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം.
നിലവില്‍ ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതി സങ്കീര്‍ണമായ ചില നിയമനടപടികളിലൂടെയാണ് കടന്നുപോകുന്നത്. കൂടുതല്‍ ഭൂമി ഏറ്റടുക്കുന്നതിനെതിരേ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് നിലവിലുള്ള തടസം. ഈ ഉത്തരവിനെതിരേ മുന്‍ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഈ അപ്പീലില്‍ അനുകൂല വിധി വന്നാല്‍ നിര്‍മാണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നുമായി 2,570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു. ഇത്രയധികം ഭൂമി എന്തിനാണ് ഏറ്റെടുക്കുന്നത് എന്നതില്‍ വ്യക്തതയില്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി.
സിംഗിള്‍ ബെഞ്ചിന്റെ ഈ ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ നല്കിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിക്കുകയും ഭൂമി ഏറ്റെടുക്കല്‍ നടപടകളില്‍ യഥാസ്ഥിതി തുടരാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ അന്തിമവിധി വരുന്നത് വരെ ഭൂമി ഏറ്റെടുക്കല്‍ നടപടികളില്‍ വലിയ പുരോഗതി ഉണ്ടാവില്ല. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പാലാ സബ് കോടതിയില്‍നിന്ന് സര്‍ക്കാരിന് അനുകൂലമല്ലാത്ത വിധിയുണ്ടായി.
എസ്റ്റേറ്റ് ഉടമകളായ അയന ചാരിറ്റബിള്‍ ട്രസ്റ്റിന് അനുകൂലമായിരുന്നു ഈ വിധി. എന്നാല്‍, ഇത് വിമാനത്താവള പദ്ധതിയെ ബാധിക്കില്ലെന്നും ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവച്ച് മുന്നോട്ട് പോകാനുമാണ് സര്‍ക്കാര്‍ നീക്കം. 3,500 മീറ്റര്‍ നീളമുള്ള റണ്‍വേയാണ് വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെ ഏറ്റവും നീളമേറിയ റണ്‍വേകളില്‍ ഒന്നായിരിക്കും ഇത്.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍നിന്നും പ്രതിരോധ മന്ത്രാലയത്തില്‍നിന്നും പദ്ധതിക്ക് നേരത്തേ തന്നെ തത്വത്തിലുള്ള അനുമതി ലഭിച്ചിരുന്നു.
അങ്കമാലി-എരുമേലി ശബരി റെയില്‍പാത നിര്‍മാണത്തിനായി ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാന്‍ മുന്‍ സര്‍ക്കാരിന്റെ അവസാന കാലത്ത് റവന്യു അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. പദ്ധതിയുടെ പകുതി ചെലവ് വഹിക്കാനും ഇതിനായി 1900 കോടി രൂപ കിഫ്ബി വഴി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ അറിയിച്ചിട്ടുമുണ്ട്. പാത എരുമേലിയില്‍നിന്നു പുനലൂര്‍ വഴി ബാലരാമപുരത്തേക്കു നീട്ടുന്നതിനുള്ള സര്‍വേയ്ക്ക് രണ്ട് കോടി രൂപയും അനുവദിച്ചിരുന്നു. ശബരി റെയില്‍ പദ്ധതിയുടെ തുടര്‍ നടപടികളിലും നാട് പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.